ഇന്ന് മാർച്ച് 8, ലോക വനിതാദിനം. സ്ത്രീയുടെ സംഭാവനകളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഓർമ്മപ്പെടുത്തുകയും മുമ്പിലുള്ള വെല്ലുവിളികളെ അതിജീവിച്ച് കുടുംബത്തിലും സമൂഹത്തിലും മൂല്യമുള്ള ജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയാണ് ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി ചെയ്യുന്നത്. വേദപുസ്തകാടിസ്ഥാനത്തിൽ ദൈവം സ്ത്രീയെ മഹത്വത്തോടും ബലത്തോടും കൂടിയാണ് സൃഷ്ടിച്ചത്. ഭരണ സിരാകേന്ദ്രത്തിലും വൈദ്യശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ബിസിനസ് മേഖലകളിലും സ്ത്രീകൾ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചത് നമുക്കേവർക്കും അഭിമാനകരമാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഒരു സ്ത്രീ ഏത് മേഖലയിൽ പ്രശോഭിച്ചാലും അതിനെല്ലാം പ്രചോദനം വേദ പുസ്തകത്തിലെ സ്ത്രീ കഥാപാത്രങ്ങൾ തന്നെയാണ്. നാം വേദപുസ്തകം പരിശോധിക്കുമ്പോൾ നിരവധി സ്ത്രീകൾക്ക് ദൈവം വലിയ ദൗത്യങ്ങൾ നൽകുകയും, അവയെ പൂർത്തീകരിക്കാൻ ദൈവം അവരെ ഉപയോഗിച്ചതും കാണാൻ കഴിയുന്നു.
ഉത്തമയായ ഒരു കുടുംബിനിയായി ദേബോറ ജീവിക്കുമ്പോഴും ന്യായാധിപയായും യുദ്ധത്തിന് നേതൃത്വം നൽകുന്ന നേതാവായും സമൂഹത്തിൽ മൂല്യമുള്ള ജീവിതം കാഴ്ചവയ്ക്കാൻ ദേബോറയ്ക്ക്കഴിഞ്ഞു. വളരെ സാധാരണക്കാരിയായിരുന്ന എസ്തഥേർ തൻറെ ധൈര്യവും വിനയവും പ്രാർത്ഥനയും കൊണ്ട് ഒരു രാജ്യത്തിലെ ജനതയെ മുഴുവൻ രക്ഷിക്കുകയും , രാജ്ഞി എന്ന പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. നല്ല പ്രവർത്തികളിലും ദാനധർമ്മങ്ങളിലും സ്ത്രീ സമൃദ്ധയായിരിക്കണം എന്ന് തബീഥയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അവൾക്കുള്ള കഴിവ് ഉപയോഗിച്ച് വിധവകൾക്കും ദരിദ്രർക്കും വസ്ത്രങ്ങൾ തുന്നി നൽകിയത് ഒരു തൊഴിൽ മാത്രമല്ല, അത് ഒരു ശുശ്രൂഷയാണെന്നും തബീഥ നമ്മെ ഓർമിപ്പിക്കുന്നു. ഒരു സാധാരണ സൃഷ്ടിയായിട്ടല്ല ദൈവം നമ്മെ സൃഷ്ടിച്ചത് അതിനാൽ ലോകം തരുന്ന മൂല്യമല്ല നമുക്കുള്ളത്. ദൈവം നമുക്ക് തരുന്ന കഴിവിലൂടെയും പ്രാപ്തിയിലൂടെയും കരുണയുള്ള ഹൃദയത്തിൻറെ ഉടമകളായി നാം മാറുകയും, നമ്മുടെ മൂല്യം തിരിച്ചറിയുകയും വേണം.
തെക്കൻ തിരുവിതാംകൂറിലെ ആദ്യത്തെ പെന്തക്കോസ്ത് പാസ്റ്റർ മനശ്ശെ എൻറെ മുത്തച്ഛനാണ് (Great Grand Father). അദ്ദേഹത്തിൻറെ ഭാര്യയായ ശീലാൾ അതായത് എൻറെ മുത്തശ്ശി (Great Grand mother) ദൈവവേലയിൽ വ്യാപൃത ആയിരിക്കുമ്പോൾ തന്നെ അധ്യാപികയായും സൂ തികർമ്മണിയായും കൂടാതെ തയ്യൽ (Hand Embroidery) എന്ന തൊഴിലും ചെയ്തിരുന്നു. ജാതിമത വ്യത്യാസമില്ലാതെ എല്ലാ ഭവനങ്ങളിലും പോയി സൗജന്യമായി സൂതികർമ്മ ശുശ്രൂഷ ചെയ്യുകയും അതിനോടൊപ്പം സുവിശേഷ പ്രവർത്തനത്തിന് സാഹചര്യം ഒരുക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു. എംബ്രോയ്ഡറി വർക്ക് ചെയ്ത വസ്ത്രങ്ങൾ വിദേശ മിഷനറിമാർക്ക് വിൽക്കുകയും അതിൽ നിന്നും ലഭ്യമാകുന്ന തുക നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിത സന്ധാരണത്തിന് നൽകുകയും ചെയ്യുന്നതിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മാത്രമല്ല വേദപുസ്തക പഠനത്തിനും പ്രിയ മാതാവ് സമയം കണ്ടെത്തിയിരുന്നു. ശീലാൾ എന്ന മാതാവ് നമുക്ക് നൽകുന്ന പാഠം ഇതാണ്, പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും സ്ത്രീ കഥാപാത്രങ്ങളെ പോലെതന്നെ നമ്മുടെ അമ്മമാരും ആധുനിക തലമുറയ്ക്ക് ഒരു വെല്ലുവിളിയും പ്രചോദനവും ആണ്.
കുടുംബത്തിലും സഭയിലും സമൂഹത്തിലും വലിയ സ്വാധീനം ചെലുത്താൻ ദൈവം നമ്മെ ഉപയോഗിക്കുന്നു എന്ന് നാം ഇവരിലൂടെ തിരിച്ചറിയണം . നമ്മുടെ മൂല്യം ദൈവത്തിൽ നിന്നായതുകൊണ്ട് നമ്മുടെ വിളി ദൈവത്തിൻറെ പദ്ധതിയിൽ പങ്കാളിയാകുക എന്നതാണ്. നമ്മുടെ സാമർത്ഥ്യവും ധൈര്യവും കഴിവും കൊണ്ട് ആത്മവിശ്വാസത്തോടെ ജീവിക്കാനും, സഭയെ ആത്മീയമായി വളർത്താനും, നല്ലൊരു തലമുറയെ രൂപപ്പെടുത്താനും കഴിയണം. സമൂഹത്തിൽ വനിതാദിനം ആഘോഷങ്ങളിലും ഓർമ്മപ്പെടുത്തലുകളിലും ഒതുങ്ങുമ്പോൾ നാം നമ്മുടെ ജീവിതത്തിൻറെ മൂല്യം തിരിച്ചറിഞ്ഞ് ദൈവത്തിൻറെ പദ്ധതിയിൽ ഉപയോഗിക്കപ്പെടുന്ന സ്ത്രീരത്നങ്ങൾ ആയി ശോഭിക്കാൻ കഴിയട്ടെ.