“ദൈവത്തിന് പാടുവിൻ അവന്റെ നാമത്തിന് സ്തുതി പാടുവിൻ മരുഭൂമിയിൽ കൂടി വാഹനമേറി വരുന്നവന് വഴി നിരത്തുവിൻ യഹ് എന്നാകുന്നു അവന്റെ നാമം “(സങ്കീർ 68:4)
ദൈവത്തിന്റെ പല പേരുകളും വിശേഷണങ്ങളും ബൈബിളിലുടനീളം കാണുന്നുണ്ട്.ഇവ ഒന്നും വെറും സങ്കല്പത്തിൽ നിന്നും ഉരുത്തിരിഞ്ഞതല്ല മറിച്ച് കൃത്യമായ ജീവിതാനുഭവങ്ങളിലൂടെയും ദൈവിക വെളിപ്പാടുകളിലൂടെയും ദൈവം തന്നെ വെളിപ്പെടുത്തിയവയാണ്.ദാവീദിന്റെ സങ്കീർത്തനങ്ങൾ യഹൂദന്മാർക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ പ്രസക്തമാണ്. 68-ആം സങ്കീർത്തനത്തിൽ ദൈവത്തെ,മരുഭൂമിയിൽ കൂടി വാഹനമേറി വരുന്ന യാഹ് എന്ന ദൈവമായും,ഉദ്ധാരണം വരുത്തുന്ന ദൈവമായും ദാവീദ് വർണിക്കുന്നു.ഈ വിവരണം യിസ്രയേൽ ജനത്തെ ഈജിപ്തിൽ നിന്നും വിടുവിക്കുന്നതും തുടർന്നു മരുഭൂമിയിൽ കൂടി നടത്തുന്നതുമായ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. “ദൈവമേ നീ നിന്റെ ജനത്തിനു മുൻപായി പുറപ്പെട്ടു, മരുഭൂമിയിൽ കൂടി നടക്കൊണ്ടപ്പോൾ, ഭൂമി കുലുങ്ങി ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു,ഈ സീനായി ഇസ്രയേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങി പോയി “(സങ്കീർ 68:7,8) നാനൂറ്റി മുപ്പത് വർഷത്തെ അടിമത്തിൽ നിന്നും രക്ഷപെട്ട ജനം അഭിമുഖീകരിച്ച പ്രശ്നം മരുഭൂമിയായിരുന്നു.അവിടെ വെള്ളമില്ല ആഹാരമില്ല,ചോദ്യങ്ങൾ മാത്രം. എന്നാൽ ആ മരുഭൂമിയിൽ അവരുടെ ദൈവം ഇറങ്ങി വന്നപ്പോൾ കഥ മാറി, പാറയിൽ നിന്നും വെള്ളം ലഭിച്ചു,ആകാശം മന്ന കൊടുത്തു, ചെങ്കടലിൽ വഴി തുറന്നു.ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിലേക്കുള്ള ഈ എഴുന്നള്ളത്ത് ഓരോ ദൈവമക്കളുടെയും ഹൃദയത്തിലാണ് എഴുതപ്പെട്ടത്. ദൈവം അവരുടെ മരുഭൂമിയിൽ വാഹനമേറി വരുന്നവനായി വർണിക്കപ്പെട്ടു, വാഴ്ത്തപ്പെട്ടു. “ദൈവം തന്റെ വിശുദ്ധ മന്ദിരത്തിൽ അനാഥൻമാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു അവൻ ബദ്ധൻ മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു”.(സങ്കീർ 68:5,6) പുതിയ നിയമത്തിന്റെ തുടക്കത്തിൽ മരുഭൂമിയിൽ വിളിച്ചുപറയുന്നവനായി,ദൈവത്തിന് വഴിയൊരുക്കുവാൻ വന്ന യോഹന്നാനെ കാണുന്നു.അദ്ദേഹത്തിന്റെ പ്രസംഗം വിരൽചൂണ്ടിയത് ക്രിസ്തുവിലേക്കായിരുന്നു.യേശു വന്നു.എന്നാൽ കർത്താവിന്റെ ഈ എഴുന്നെള്ളത്തിൽ മലകൾ കുലുങ്ങിയില്ല,മന്ന പെയ്തില്ല,പാറകൾ പിളർന്നു വെള്ളം ചാടിയില്ല .എന്നിരുന്നാലും യേശുവിന്റെ വാക്കുകൾ ജീവന്റെ അപ്പമായിരുന്നു കുരുടന്മാർക്കു കാഴ്ച ലഭിച്ചു ,രോഗികൾ സൗഖ്യമായി,ബദ്ധന്മാർക്കു വിടുതൽ ലഭിച്ചു,നായിനിലെ വിധവയുടെ കണ്ണുനീർ തുടച്ചു. ദാവീദിന്റെ പാട്ടുകൾ ഗലീലയിൽ വീണ്ടും തുടർക്കഥയായി.യേശയ്യവും ഇങ്ങനെ പ്രവചിച്ചു,”എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞു നടക്കുന്നു,ഒട്ടും കിട്ടായ്കയാൽ അവരുടെ നാവ് ദാഹം കൊണ്ട് വരണ്ടു പോകുന്നു,യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും “.ഈ പ്രവാചക വാക്യങ്ങളുടെ നിവൃത്തിയായി, മരുഭൂമിയിൽ ആശ്വസമായി യേശു വന്നു.പുരുഷാരം യേശുവിന്റെ വിശുദ്ധ മന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തിൽ ആർത്തു വിളിക്കുമ്പോൾ ചിലർ മിണ്ടാതിരിക്കാൻ ശാസിക്കുമ്പോൾ,യേശു പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ് “ഇവർ മിണ്ടാതിരുന്നാൽ… ഈ കല്ലുകൾ ആർത്തുവിളിക്കും “ പണ്ട് സീനായി കുലുങ്ങിയതുപോലെ. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പിമ്പൊന്നുകൊണ്ടും പൊതിഞ്ഞിരുന്നതുപോലെ ആയിരുന്നു. ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു.(സങ്കീർ 68:13,20) ദൈവം ഇസ്രായേൽ ജനത്തെ അടിമത്വതിത്തിൽ നിന്നും രക്ഷിച്ചു.അവിടെ അവർക്ക് ആഹാരം ഉണ്ടായിരുന്നു സ്വതന്ത്ര്യം അന്യമായിരുന്നു.അവരുടെ കുട്ടികളും അടിമകൾ ആയിരുന്നു.അവർ ഫറവോന് വേണ്ടി വേല ചെയ്തു.സ്വതന്ത്ര്യം അവർക്ക് സ്വപ്നം മാത്രം ആയിരുന്നു.യേശു തന്റെ പരസ്യ ശിശ്രൂഷയിൽ സ്വർഗരാജ്യം പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നതോടൊപ്പം സമൂഹത്തിലെ അനാചാരങ്ങൾക്ക് എതിരെയും പ്രവൃത്തിച്ചു.കരുണയേക്കാൾ യാഗങ്ങൾക്കും കർമങ്ങൾക്കും പ്രാധാന്യം കൊടുത്തവർക്ക് ശബത്തിൽ സൗഖ്യം നൽകി യേശു മാതൃകയായി .സ്ത്രീകളോടുള്ള അനാദരവിനെയും യേശു പ്രതികരിച്ചു .സ്ത്രീകളെ മാനിക്കുകയും ,ശിശ്രൂഷകളിലും യാത്രകളിലും അവരുടെ പങ്കാളിത്തത്തെ വിലമതിക്കുകയും ചെയ്ത് കൊണ്ട് വലിയ മാറ്റങ്ങൾക്ക് തിരി തെളിച്ചു .ഈ മാറ്റത്തിന്റെ അലയൊലികൾ യേശുവിന്റെ സുവിശേഷം എത്തിയ ഇടതൊക്കെയും ആവർത്തിച്ചു.അവൻ ഉദ്ധരകനാണ്,ദാവീദ് പറയുന്നതുപോലെ കൂട്ടിനുള്ളിൽ അടക്കപ്പെട്ട പക്ഷി പുറത്തുവരുന്നത് പോലെ അനേകർക്ക് യേശു ഉദ്ധരകനാണ്. “മരുഭൂമിയിൽ കൂടി വാഹനമേറി വരുന്നവൻ,””ഉദ്ധാരണങ്ങളുടെ ദൈവം “എന്നീ ദൈവത്തിന്റെ വിശേഷണങ്ങൾ ചരിത്രത്തിൽ മാത്രമല്ല ഇന്നും ഒരുപോലെ പ്രധാനപ്പെട്ടതാണ്.അതുകൊണ്ട് തന്നെ ഈ ദൈവത്തെ സഭായോഗങ്ങളിൽ വാഴ്ത്തുക മാത്രമല്ല അനേകരുടെ ജീവിതമരുഭൂമികളിൽ പ്രസംഗിക്കപ്പെടേണ്ടതും ആവശ്യമാണ്.