ഈ കാട്ടൊലിവിൻ ശാഖ എങ്ങിനെ
നാട്ടൊലിവിൽ എത്തിയഹോ?
നല്ല മുന്തിരിത്തോട്ടത്തിലെങ്ങിനെ
കുഞ്ഞു മൈലാഞ്ചി പൂത്തുവഹോ?
സോളമന്റെ കണ്ണുകളെങ്ങിനെ
സുലേമിയിൽ പതിഞ്ഞുവഹോ?
ജറുസലേമിന്റെ അവകാശത്തിലെങ്ങിനെ
ജാതികൾ കടന്നുവഹോ?
ഗീതം…… ഉത്തമഗീതം
വിശേഷം…… സുവിശേഷം
വീഥികളിലില്ല,
വിശ്രമസ്ഥലത്തും കണ്ടതില്ല.
എങ്കിലും എന്റെ മരുഭൂമിയിൽ
ആശ്വാസമായി സോളമൻ എത്തിയല്ലോ.
മിറും കുന്തിരിക്കവും കൊണ്ടും
സകലവിധ സുഗന്ധചൂർണത്താലും
പരിമളപ്പെട്ട പുകത്തൂണ് പോലെ
കയറിവരുന്നൊരിവനാർ?
ഗീതം…… ഉത്തമഗീതം
വിശേഷം…… സുവിശേഷം
എന്റെ മരുഭൂമികൾ തീർന്നതില്ല.
യരിഹോവിലേക്കുള്ള വഴിയരികിൽ
അർദ്ധപ്രാണനായി കിടക്കും വേളയിൽ,
മരുവിൽ മന്ന പൊഴിച്ച കരങ്ങൾ,
മേഘസ്തംഭമായ സ്നേഹം,
എന്റെ അരികിലെത്തി.
യേശു…… നല്ല ശമര്യക്കാരൻ
വിശേഷം…… സുവിശേഷം
മരുഭൂമിയിൽ കൂടി വരുന്നൊരിവനാർ?
സോളമനേക്കാൾ വലിയവൻ,
വിലയേറിയവൻ,
ഈ തോട്ടത്തിന്റെ പരിമളം,
നല്ല മുന്തിരിവള്ളി.
യേശു…… ശ്രീയേശു
കർത്താവ്…… ശ്രീയേശു
തന്റെ കണ്ണുകളെങ്ങിനെ
എന്നിൽ പതിഞ്ഞുവഹോ?
ജാതികളെങ്ങിനെ
വെളിച്ചം കണ്ടുവഹോ?
സ്നേഹം…… ദിവ്യസ്നേഹം
വിശേഷം…… സുവിശേഷം