നിത്യതയുടെ ആരംഭം മുതൽ സ്വർഗ്ഗത്തിൽ ദൂതന്മാർക്കിടയിൽ അതീവ ഗൗരവമുള്ള ഒരു ആലോചന നടന്നു. മനുഷ്യപുത്രന്മാർക്കിടയിൽ 'ദൈവാത്മാവിന്റെ പൂർണ്ണത' പ്രാപിച്ചവരെ കണ്ടെത്തണം. ആകാശത്തിന്റെ അഗാധതയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും, കാലചക്രങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രപഞ്ചസത്യങ്ങളും, നക്ഷത്രഗോളങ്ങളുടെ സമയക്രമങ്ങളും, വചനപ്രകമ്പനങ്ങളിലൂടെ ആകാശവീഥിയിൽ ഗ്രഹങ്ങൾക്ക് പാതയൊരുക്കുന്നതും ആയ, അത്യുന്നതനായ സൃഷ്ടിപിതാവിന്റെ "വചനസത്യത്തെ" അതിന്റെ പൂർണ്ണശക്തിയിൽ വിളിച്ചുപറയാൻ കെൽപ്പുള്ള മനുഷ്യപുത്രന്മാരെ സ്വർഗത്തിന് അടിയന്തരമായി ആവശ്യമുണ്ട്.
ദൂതന്മാർ തങ്ങളുടെ അഗ്നിമയമായ കണ്ണുകൾ കൊണ്ട് ഭൂമിയിലേക്ക് ഉറ്റുനോക്കി. എന്നാൽ അവർ നിരാശയോടെ പറഞ്ഞു: "ശുദ്ധമായ ദൈവാത്മാവുള്ളവനെ തിരഞ്ഞുപിടിക്കാൻ ഏറെ പ്രയാസമാണ്." അങ്ങനെ അവർ ഭൂമിയുടെ പല ഭാഗങ്ങളിലേക്ക് യാത്രയായി. അനേകം വലിയ സഭകളിലും ആലയങ്ങളിലും അവർ കയറിയിറങ്ങി. അവിടെയൊക്കെ അവർ കണ്ടത് 'ആത്മീയർ' എന്ന മുഖംമൂടി ധരിച്ചവരെയും, ആത്മീയവസ്ത്രം മാത്രം അണിഞ്ഞ പൊള്ളയായ മനുഷ്യരെയുമാണ്. പല സഭകളിലും ദൈവാത്മാവിന്റെ അഭിഷേകം ഉള്ളിലുള്ള പാവപ്പെട്ട മനുഷ്യരെ, പണവും അധികാരവും ഉള്ള പ്രമാണിമാർ ചവിട്ടിത്താഴ്ത്തി വെച്ചിരിക്കുന്നത് ദൂതന്മാർ കണ്ടു. ഒടുവിൽ, ലോകത്താൽ ഉപേക്ഷിക്കപ്പെട്ടവരും, ആരും എണ്ണപ്പെടാതെ മാറ്റിനിർത്തപ്പെട്ടവരും, എന്നാൽ ഹൃദയത്തിൽ അഗ്നി സൂക്ഷിക്കുന്നവരുമായ ചില മനുഷ്യപുത്രൻമാരെ അവർ കണ്ടെത്തി. അവരെ ദൂതന്മാർ സ്വർഗ്ഗസന്നിധിയിലേക്ക് കൊണ്ടുവന്നു.
അവർ സ്വർഗ്ഗത്തിൽ എത്തിയപ്പോൾ, അവരുടെ ആത്മാവിന്റെ ശോഭ കണ്ട് സ്വർഗ്ഗത്തിലെ ഇരുപത്തിനാല് മൂപ്പന്മാരും, നാല് ജീവികളും, സാറാഫുകളും ദൈവത്തിനു സ്തുതി പാടി. അപ്പോൾ സ്വർഗത്തിന്റെ നടുവിൽ നിന്ന്, പല വെള്ളങ്ങളുടെ ഇരച്ചിൽ പോലെ വലിയൊരു ഇടിമുഴക്കമുണ്ടായി. ഭയന്നുപോയ മനുഷ്യപുത്രന്മാരോട് ഒരു പ്രധാന ദൂതൻ പറഞ്ഞു: "ഭയം വേണ്ട, സൃഷ്ടിയുടെ പിതാവും, സകലത്തിന്റെയും അധിപതിയും, അൽഫയും ഒമേഗയും യഹോവയായ ദൈവമാണ് സംസാരിക്കുന്നത്."
ദൈവത്തിന്റെ ശബ്ദം സിംഹാസനത്തിൽ നിന്നും അരുളിച്ചെയ്തു: "എന്റെ സ്വന്തം കൈകൾ കൊണ്ട് മെനഞ്ഞ, കളിമണ്ണിൽ എന്റെ ശ്വാസം നിക്ഷേപിച്ച എന്റെ വിശേഷതയുള്ള പുത്രൻമാരേ..." തുടർന്ന് ദൈവം വചനത്തിന്റെ ആഴങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി പറഞ്ഞു:
"കാലങ്ങൾക്കു അതീതമായ സമയചക്രങ്ങൾക്കു മുകളിൽ സഞ്ചരിക്കാൻ എനിക്ക് നിങ്ങളെ വേണം. സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ സ്വർഗീയ രഹസ്യങ്ങളുടെ കലവറ ഞാൻ നിങ്ങൾക്ക് മുൻപിൽ തുറക്കും. നിങ്ങൾ കേവലം പ്രസംഗകരല്ല, മറിച്ച് വരാനിരിക്കുന്ന ലോകത്തിന്റെ ശില്പികളാണ്. സ്വർഗത്തിൽ അനേകം വാസസ്ഥലങ്ങൾ ഒരുങ്ങിയിരിക്കുന്നു, എന്നാൽ അത് അവകാശമാക്കാൻ എന്റെ ആത്മാവുള്ളവർ ഭൂമിയിൽ കുറവാണ്. വിശുദ്ധന്മാരുടെ എണ്ണം കുറയുന്നു, സത്യം വീഥികളിൽ വീണു കിടക്കുന്നു.
നിങ്ങൾ പോകുക, ഉറങ്ങിക്കിടക്കുന്ന ആത്മാക്കളെ ഉണർത്തുക. നിങ്ങൾക്ക് വേണ്ടി ഞാൻ ഭൂമിയുടെ ഭൗതിക നിയമങ്ങളെ തന്നെ മാറ്റും. മൂന്നാം ആകാശത്തിന്റെ കിളിവാതിൽ നിങ്ങൾക്ക് വേണ്ടി ഞാൻ തുറന്നിടും. ഭൂമിയുടെ സമയത്തെ ഞാൻ നിങ്ങൾക്ക് വേണ്ടി നിശ്ചലമാക്കും. ഇത് യുഗങ്ങളുടെ അവസാനവും, പുതിയൊരു സ്വർഗ്ഗരാജ്യത്തിന്റെ ഉദയവുമാണ്."
ഈ ശബ്ദത്തിന്റെ പ്രകമ്പനത്തിൽ സ്വർഗം കുലുങ്ങി, എങ്ങും ഭയഭക്തി നിറഞ്ഞ നിശബ്ദത പരന്നു... വീണ്ടും ദൈവം കൂടുതൽ ഗൗരവത്തോടെ അരുളിച്ചെയ്തു: "ഭയം വേണ്ട, അത് ഭീരുക്കൾക്കുള്ളതാണ്. ആത്മീയ ലോകത്ത് ഞാൻ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഭയാനകമായ പല കാഴ്ചകളും നിങ്ങൾ ഭൂമിയിൽ കാണും. എന്നാൽ മനുഷ്യർ നിങ്ങളെ ഭയപ്പെടും; കാരണം എന്റെ തേജസ്സ് നിങ്ങളുടെ മുഖത്ത് ഞാൻ പകർന്നിരിക്കുന്നു. ഭൂമിയുടെ അഗാധ വാതിലുകൾ ഞാൻ തുറക്കും. ആകാശം രണ്ടായി ഞാൻ കീറും; അതിൽ നിന്നും എന്റെ കോപത്തിന്റെ അഗ്നി പുറപ്പെടും. പക്ഷെ, നിങ്ങൾ ഭയപ്പെടരുത്, ഈ അഗ്നി നിങ്ങളെ ശുദ്ധീകരിക്കുകയല്ലാതെ ദഹിപ്പിക്കില്ല.
അജ്ഞാത വാതിലുകൾ ഞാൻ തുറക്കും; അതിൽ പുരാതന കാലത്തു ഞാൻ ബന്ധിച്ചു വച്ച സർപ്പങ്ങളെയും വീണുപോയ ദൂതന്മാരെയും ന്യായവിധിക്കായി ഞാൻ തുറന്നുവിടും. സമയചക്രത്തെ ഞാൻ തകർക്കും. ഭൂമിയുടെ സ്വഭാവത്തെയും ഋതുക്കളെയും ഞാൻ മാറ്റും. നിങ്ങൾ ഭയപ്പെടരുത്, വചനത്തിന്റെ ഗൂഢമായ രഹസ്യങ്ങൾ ഞാൻ നിങ്ങളുടെ നാവിൽ നിക്ഷേപിച്ചിരിക്കുന്നു. നിങ്ങൾ പോയി അഗ്നിയുടെ വിത്ത് വിതയ്പ്പിൻ എന്റെ പുത്രന്മാരേ..."
അങ്ങനെ, ദൈവത്തിന്റെ തേജസ്സ് നിറഞ്ഞ്, മുഖം സൂര്യനെപ്പോലെ പ്രകാശിക്കുന്ന ആ മനുഷ്യപുത്രൻമാരെ ദൂതന്മാർ തിരിച്ച് ഭൂമിയിൽ എത്തിച്ചു. എന്നാൽ അവർ പോയവരായല്ല തിരിച്ചെത്തിയത്; അവർ മാറിയിരുന്നു. പണ്ട് ഇവരെ അടിച്ചമർത്തിയവർ ഇപ്പോൾ ഇവരുടെ കണ്ണുകളിലെ തീ കണ്ട് ഭയത്താൽ വിറച്ചു മാറിപ്പോയി. കാരണം, ഇവരുടെ സാന്നിധ്യം തന്നെ ന്യായവിധിയുടെ നിഴലായി മാറി. ഇവരുടെ ഉള്ളിലെ ദൈവീകശക്തി ഭൂമിയുടെ അടിത്തറയെ ഇളക്കാൻ തുടങ്ങി.
ഓരോരോ ദേശങ്ങളിലും, നഗരങ്ങളിലും, കോണുകളിലും നിന്ന് ഇവർ സിംഹഗർജ്ജനം പോലെ വിളിച്ചു പറഞ്ഞു: "തീ വരുന്നു! യുഗങ്ങളുടെ അവസാനം ആഗതമായിരിക്കുന്നു... മാനസാന്തരപ്പെടുവിൻ! മനുഷ്യന്റെ അറിവുകൾക്കും ശാസ്ത്രത്തിനും വിടുവിപ്പാൻ കഴിയാത്തവിധം കർത്താവിന്റെ ഭയങ്കരമായ ദിവസം അടുത്ത് വരുന്നു... സഭയ്ക്കുള്ളിൽ നുഴഞ്ഞു കയറിയ കള്ള നാണയങ്ങളേ, വേഷംകെട്ടലുകാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ആകാശത്തിലെ അഗ്നിഗോളങ്ങളുടെ കലവറ തുറക്കപ്പെട്ടിരിക്കുന്നു... ഇതാ, മഴു വൃക്ഷത്തിന്റെ ചുവട്ടിൽ വെക്കപ്പെട്ടിരിക്കുന്നു... മാനസാന്തരപ്പെടുവിൻ... മാനസാന്തരപ്പെടുവിൻ... മാനസാന്തരപ്പെടുവിൻ..."
Br Jineesh Punalur