ARTICLE TITLE

ക്രിസ്തു നൽകിയ സ്വാതന്ത്ര്യവും നമ്മുടെ ജാഗ്രതയും

"സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ ഇതിൽ ഉറച്ചുനിൽപ്പിൻ, അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്" (ഗലാത്യർ 5:1). ഗലാത്യ സഭയ്ക്ക് പൗലോസ് അപ്പൊസ്തലൻ ഈ പ്രബോധനം നൽകുമ്പോൾ, അദ്ദേഹം അതിനൊരു ഉത്തമ മാതൃക കൂടിയായിരുന്നു. നിരന്തരം നിരവധി ഉപദ്രവങ്ങൾ ഏറ്റുവാങ്ങിയിട്ടും, ക്രിസ്തു നൽകിയ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് അദ്ദേഹം ഇതെഴുതുന്നത്.

ന്യായപ്രമാണത്തെ അന്ധമായി സംരക്ഷിക്കാൻ ഒരു വലിയ സമൂഹം തന്നെ നിലകൊള്ളുന്ന കാലമായിരുന്നു അത്. അന്ന്, പരിച്ഛേദനയിൽ നിന്നും ന്യായപ്രമാണത്തിലെ കർശന നിയമങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും, ക്രിസ്തുവിശ്വാസത്തിലൂടെ മാത്രം ലഭിക്കുന്ന രക്ഷയെക്കുറിച്ചും ദൈവിക അവകാശത്തെക്കുറിച്ചും പ്രസംഗിച്ചതിനാലാണ് അദ്ദേഹം യഹൂദന്മാരാൽ കൊടിയ പീഡനങ്ങൾക്ക് പാത്രമായത്.

"ഞാൻ ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എങ്കിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്?" എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഉപദ്രവങ്ങൾ ഒഴിവാക്കാൻ സ്വാതന്ത്ര്യത്തിന്റെ ഈ സുവിശേഷം മാത്രം മാറ്റിവെച്ചാൽ മതിയായിരുന്നു എന്ന് പൗലോസിന് നന്നായി അറിയാമായിരുന്നു. എന്നാൽ, മനുഷ്യനെ അടിമനുകത്തിൽ നിന്നും വിടുവിക്കുന്ന സുവിശേഷത്തിലെ ആ സ്വാതന്ത്ര്യത്തിനായി അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്നു. അതുകൊണ്ടുതന്നെയാണ് ഇത്ര ആർജ്ജവത്തോടെ വിശ്വാസികളെ പ്രബോധിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നത്.

മരുഭൂമിയിൽ വെച്ച് പിശാച് യേശുക്രിസ്തുവിനെ പരീക്ഷിച്ച സംഭവം ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. തന്റെ ശാസനയാൽ പിശാച് യേശുവിനെ വിട്ടുപോയി. "അങ്ങനെ പിശാച് സകല പരീക്ഷയും തികച്ച ശേഷം കുറേക്കാലത്തേക്ക് അവനെ വിട്ടുമാറി" (ലൂക്കോസ് 4:13) എന്നാണ് തിരുവചനം പറയുന്നത്. 'കുറേക്കാലത്തേക്ക്' എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്; പിശാച് ഒരുവട്ടം തോറ്റുപോയാലും പിന്നെയും തന്ത്രങ്ങൾ പ്രയോഗിക്കുവാൻ മടുത്തുപോകുന്നില്ല എന്ന് അത് കാണിക്കുന്നു. അതുകൊണ്ടുതന്നെ, നമുക്ക് ലഭിച്ച വിടുതലുകളിൽ നാം എപ്പോഴും ഉറച്ചുനിൽക്കേണ്ടതുണ്ട് എന്ന് ഇതിൽനിന്നും മനസ്സിലാക്കാം. കേവലം ഒരു ജയത്തിൽ മാത്രം ആശ്വസിക്കാതെ, യുദ്ധത്തിന് നിരന്തരം സജ്ജരായി നിൽക്കുന്ന പട്ടാളക്കാരെപ്പോലെ നാം ജാഗരൂകരായിരിക്കണം.

ചുരുക്കത്തിൽ, ക്രിസ്തുവിലുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങളെ ഒരിക്കൽ മാത്രം അതിജീവിച്ചാൽ പോരാ. ഒരു ഇടവേളയ്ക്ക് ശേഷം സമാനമായോ തികച്ചും വ്യത്യസ്തമായതോ ആയ സാഹചര്യങ്ങൾ വീണ്ടും കടന്നുവന്നാലും, വിശ്വാസത്തിൽ അടിയുറച്ച സ്ഥിരതയാർന്ന പ്രതികരണം നമ്മിൽനിന്നും ഉണ്ടാകണം എന്നാണ് പൗലോസ് അപ്പൊസ്തലൻ നമ്മെ ഓർമ്മിപ്പിക്കുന്നത്.

— Jasmy Jineesh