അഗാധ സ്നേഹത്തിൻ്റെ തീരത്ത്

അഗാധ സ്നേഹത്തിൻ്റെ തീരത്ത്

അങ്ങ് ദൂരെ, കോടമഞ്ഞ് പുതച്ച മലചെരുവുകൾക്കിടയിലൂടെ ഒഴുകുന്ന ഒരു നദിക്കരയിൽ, പടർന്നു പന്തലിച്ച ഒരു വൻമരത്തിൻ്റെ തണലിൽ അവൾ ഇരുന്നു. നഷ്ടബോധങ്ങളുടെ കാണാകയങ്ങളിൽ വീണുപോയ ഒരു പക്ഷിയെപ്പോലെ, വിഷാദത്തിൻ്റെ കരിനിഴലിൽ അവൾ തനിച്ചായിരുന്നു. ചുറ്റിലും പ്രകൃതി ജീവൻ തുടിക്കുന്ന താളത്തിലായിരുന്നു; നദിയിലെ തെളിനീർ ഒഴുകുന്ന കളകളാരവം, മരച്ചില്ലകളിൽ കിളികളുടെ സംഗീതം, അങ്ങുമിങ്ങും നിൽക്കുന്ന ആപ്പിൾ മരങ്ങളിൽ സൂര്യരശ്മികൾ പതിഞ്ഞു സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന കാഴ്ചകൾ.

ആ സമയത്താണ്, വർണ്ണാഭമായ ഒരു ചെറിയ കിളി അവളുടെ അടുത്തേക്ക് പറന്നുവന്ന് എന്തൊക്കെയോ കൊച്ചു വർത്തമാനങ്ങൾ ചിലയ്ക്കാൻ തുടങ്ങിയത്. എന്നാൽ, ഹൃദയം തകർന്ന്, കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങുന്ന അവൾക്ക് ആ കിളിയുടെ പാട്ടോ പ്രകൃതിയുടെ ഭംഗിയോ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൾ മുഖം തുടച്ചു, നനവാർന്ന കണ്ണുകളോടെ ആ കിളിയെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു. ഇടറിയ ശബ്ദത്തിൽ അവൾ ആ കിളിയോട് മന്ത്രിച്ചു: "നിന്നെപ്പോലെ ഞാനും സ്വതന്ത്രയായിരുന്നെങ്കിൽ... എനിക്കും ഇതുപോലെ പാറിപ്പറന്ന് സന്തോഷിക്കാമായിരുന്നു. പക്ഷേ, എൻ്റെ സന്തോഷങ്ങളെല്ലാം എന്നിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു... ഞാൻ..." ബാക്കി പറയാനാവാതെ, തൊണ്ടയിൽ വാക്കുകൾ കുരുങ്ങി അവൾ വിങ്ങിപ്പൊട്ടി. ആ കുഞ്ഞു കിളി അവളുടെ തലയ്ക്കരികിൽ വന്ന് എന്തോ ആശ്വസിപ്പിക്കും പോലെ ചിലച്ചിട്ട്, ആകാശത്തേക്ക് പറന്നകന്നു.

ഭാരമേറിയ മനസ്സോടെ അവൾ വീണ്ടും കണ്ണുകളടച്ച് ആ മരത്തിലേക്ക് ചാരിയിരുന്നു. അല്പനേരം കഴിഞ്ഞ് അവൾ കണ്ണുതുറന്നപ്പോൾ കണ്ടത് വിചിത്രമായ ഒരു കാഴ്ചയായിരുന്നു. പ്രകൃതിയുടെ സംഗീതം പെട്ടെന്ന് നിലച്ചിരിക്കുന്നു. നദിയിലെ ഒഴുകുന്ന വെള്ളത്തിൻ്റെ ശബ്ദമില്ല, കിളികളുടെ പാട്ടില്ല, കാറ്റിൻ്റെ അനക്കമില്ല... മരങ്ങളെല്ലാം നിശ്ചലമായി നിൽക്കുന്നു. ഏകാന്തതയുടെ വലിയൊരു നീരുറവ തുറന്നതുപോലെ, ഭയാനകമായ ഒരു നിശബ്ദത ചുറ്റും വ്യാപിച്ചിരിക്കുന്നു. പെട്ടെന്നാണ് അവൾ അത് ശ്രദ്ധിച്ചത്; അങ്ങ് ദൂരെ, ചക്രവാളത്തിൽ ഒരാൾ നിൽക്കുന്നു. അവൾ ഒന്ന് കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും, അത്ഭുതമെന്നോണം അയാൾ അവളുടെ തൊട്ടടുത്തെത്തിയിരുന്നു. ഭയവും അത്ഭുതവും കലർന്ന, വിറയാർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു: "അങ്ങ്... വഴി തെറ്റി വന്നതാണോ?" അയാൾ ശാന്തമായി മറുപടി പറഞ്ഞു: "അല്ല, വഴിതെറ്റിയതല്ല. നഷ്ടപ്പെട്ടതിനെ തേടി വന്നതാണ്." അവൾ അയാളെ സൂക്ഷിച്ചു നോക്കി. "അങ്ങയെ കണ്ടിട്ട് ആടിനെ മേയ്ക്കുന്ന ഒരു ഇടയനെപ്പോലെയുണ്ട്. അങ്ങയുടെ ആടിനെയാണോ നഷ്ടമായത്?" ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു: "അതെ, ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എൻ്റെ ഒരു ആടിനെയാണ് എനിക്ക് നഷ്ടമായത്."

അയാൾ തുടർന്നു: "ഞാൻ വന്നപ്പോൾ മുതൽ നിന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകളും, ഹൃദയത്തിൽ വലിയൊരു ഭാരവും പേറി നടക്കുന്നവളെപ്പോലെ നിന്നെ കണ്ടല്ലോ?" ആ വാക്കുകൾ കേട്ടതും, അടക്കിപ്പിടിച്ച ദുഃഖം അണപൊട്ടിയൊഴുകാൻ തുടങ്ങി. വാക്കുകൾ കോർത്തിണക്കാൻ കഴിയാതെ, തേങ്ങലുകൾക്കിടയിൽ അവൾ തളർന്നിരുന്നു. അയാൾ പതുക്കെ അടുത്തുള്ള ഒരു മരച്ചുവട്ടിൽ ഇരുന്നു. എന്നിട്ട് വാത്സല്യത്തോടെ പറഞ്ഞു: "മകളേ, നീ നിൻ്റെ നഷ്ടങ്ങളെ ഓർത്ത് ഇങ്ങനെ വിലപിക്കരുത്. ജീവിതത്തിലെ ഭാരങ്ങളും വേദനകളും അൽപ്പനേരത്തേക്ക് മാത്രമേയുള്ളൂ." അവൾ പറഞ്ഞു: "എല്ലാം ഉണ്ട്, പക്ഷേ ഞാൻ ആരുമില്ലാത്തവളെപ്പോലെ, ഒറ്റപ്പെട്ടവളാണ്. സ്നേഹത്തിൻ്റെ അർത്ഥം എന്താണെന്നു പോലും എനിക്കറിയില്ല. ഒരുപക്ഷേ, എൻ്റെ മരണം കൊണ്ടായിരിക്കാം ഈ കാത്തിരിപ്പിന് ഒരു അർത്ഥം ഉണ്ടാവുക." അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: "സ്നേഹം... അതിന് നീ കരുതുന്നതിലും വലിയ അർത്ഥമുണ്ട്. അത് നിനക്ക് മനസ്സിലാകണമെങ്കിൽ, നിനക്കുവേണ്ടി കാൽവരി കുരിശിൽ മരിച്ച ക്രിസ്തുവിനെ നീ നോക്കണം. സ്വന്തം മരണം കൊണ്ട് അവൻ നിന്നെ വീണ്ടെടുത്തു. അവൻ നിൻ്റെ കൂടെയുള്ളപ്പോൾ നീ എന്തിനു ഭാരപ്പെടണം?" അവൾ നിസ്സഹായതയോടെ പറഞ്ഞു: "എനിക്ക് ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ ആഴങ്ങളിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ല..."

അയാൾ പറഞ്ഞു: "അത് നീ അവനിൽ നിന്നും അകന്നു പോയതുകൊണ്ടാണ്. ഒന്ന് അടുത്തുചെന്ന് നോക്കൂ, ആ സ്നേഹത്തിൻ്റെ അഗാധതയിൽ നിനക്ക് സമാധാനത്തിൻ്റെ തോണിയിൽ യാത്ര ചെയ്യാൻ സാധിക്കും." അവൾ ചോദിച്ചു: "ഞാൻ എങ്ങനെയാണ് അടുത്ത് ചെല്ലേണ്ടത്? എവിടെയാണ് ഞാൻ അവനെ തിരയേണ്ടത്?" അയാൾ മറുപടി നൽകി: "നീ ഒന്ന് വിശ്വസിച്ചാൽ മാത്രം മതി, അവൻ നിൻ്റെ അടുക്കലേക്ക് വരും." അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: "ഞാൻ വിശ്വസിക്കുന്നു... ഞാൻ ആ സ്നേഹത്തിനു വേണ്ടി കാത്തിരിക്കും. ഇനി പറയൂ, ക്രിസ്തു എന്നെ തേടി വരുമോ?" അപ്പോൾ, ആ ഇടയൻ്റെ കണ്ണുകളിൽ സ്നേഹത്തിൻ്റെ കടൽ ഇരമ്പുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞു: "അവൻ നിന്നെ തേടി വന്നു കഴിഞ്ഞു മകളേ... ആ ക്രിസ്തു ഞാൻ തന്നെയാണ്. ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന, നഷ്ടമായിപ്പോയ എൻ്റെ ആടിനെ തേടി ഞാൻ വരാതിരിക്കുമോ...?" പെട്ടെന്ന് അവൾ ഞെട്ടി, കണ്ണുകൾ തുറന്നു.

ചുറ്റും പ്രകൃതി പഴയതുപോലെ ജീവൻ വെച്ചിരിക്കുന്നു. കിളികൾ ചിലയ്ക്കുന്നു, നദിക്കരയിൽ വെള്ളച്ചാട്ടത്തിൻ്റെ സംഗീതം ഒഴുകുന്നു. താൻ കണ്ടത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം, അതൊരു സത്യമായി അവൾക്ക് അനുഭവപ്പെട്ടു. അവളുടെ ഉള്ളിൽ സന്തോഷത്തിൻ്റെ വലിയ തിരമാലകൾ അലയടിക്കാൻ തുടങ്ങി. മനസ്സിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത, വർണ്ണിക്കാൻ കഴിയാത്ത ഒരു ദൈവീക സമാധാനം നിറഞ്ഞു. മരക്കൊമ്പിലെ കിളികൾ കൂട്ടത്തോടെ അവളുടെ മുൻപിൽ വന്ന് പറക്കാൻ തുടങ്ങി. അതിലൊരു കിളി അവളുടെ അരികിൽ വന്ന് കുറെ നേരം അവളെ നോക്കി ചിലച്ചു. അവൾ അതിനെ വാത്സല്യത്തോടെ തലോടി ചിരിച്ചു. ആ കിളി സന്തോഷത്തോടെ ആകാശത്തേക്ക് പറന്നുപോയി... നിറഞ്ഞ സന്തോഷത്തോടെ അവളും വീട്ടിലേക്ക് മടങ്ങി.

ജീവിതഭാരത്താൽ നെടുവീർപ്പിടുന്ന പലരും മറന്നുപോകുന്നത് ക്രിസ്തു എന്ന സത്യത്തെയാണ്. സ്നേഹം കൊണ്ട് ലോകത്തെ മാറ്റിമറിച്ചവൻ, തൻ്റെ ജീവൻ നൽകി എന്നെയും നിന്നെയും വീണ്ടെടുത്തവൻ. പല മനുഷ്യരും ആ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാതെ, ജീവിതത്തിന് ഒരർത്ഥവുമില്ലാതെ അലയുന്നു. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സ്വർഗ്ഗരാജ്യത്തിൽ അവകാശികളാകുവാൻ ക്രിസ്തു നമ്മളെ തൻ്റെ സ്നേഹം കൊണ്ട് ചേർത്തു നിർത്തുന്നു. ദുഃഖത്തിൻ്റെ കയങ്ങളിൽ വീണുപോയവർ ക്രിസ്തുവിലായാൽ, അവർക്ക് സമാധാനത്തിൻ്റെ യഥാർത്ഥ അർത്ഥം മനസ്സിലാകും.

— Br Jineesh Punalur