സ്വർഗ്ഗത്തിൽ ദൂതന്മാരുടെ ഇടയിൽ ഒരു ചെറിയ സംസാരം നടക്കുകയാണ്. ഗബ്രിയേൽ ദൂതന് ഭൂമിയിൽ പോയി അവിടത്തെ കാര്യങ്ങളൊന്ന് നേരിട്ട് കാണാൻ വലിയ ആഗ്രഹം. തനിയെ പോകാൻ മടി തോന്നിയതുകൊണ്ട് ഗബ്രിയേൽ നേരെ മിഖായേൽ ദൂതന്റെ അടുത്തേക്ക് ചെന്നു. കാര്യം അവതരിപ്പിച്ചപ്പോൾ മിഖായേൽ കൈമലർത്തി: "വല്ല യുദ്ധവും ആണെങ്കിൽ എന്നെ വിളിച്ചാൽ മതി. വെറുതെ കറങ്ങി നടക്കാൻ എനിക്ക് വയ്യ." നിരാശനായ ഗബ്രിയേൽ നേരെ ഊറിയേൽ ദൂതന്റെ അടുത്തേക്ക് പോയി. ഊറിയേലിന്റെ മറുപടിയും വ്യത്യസ്തമായിരുന്നില്ല: "ഭൂമിയിൽ നിന്നും ആരുടെയെങ്കിലും ആത്മാവിനെ എടുക്കാനുണ്ടോ? ഇല്ലല്ലോ... വെറുതെ ഒരു ട്രിപ്പിന് ഞാനില്ല." സഹായത്തിന് ആരെയും കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ഗബ്രിയേൽ നേരെ കർത്താവിന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു: "കർത്താവേ, നമ്മൾക്ക് രണ്ടുപേർക്കും കൂടി ഭൂമിയിലൊന്ന് പോയിട്ടു വന്നാലോ?" കർത്താവ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "ശരിയാണ് ഗബ്രിയേലേ, എനിക്കും അവിടെയൊക്കെ ഒന്ന് കാണാൻ ആഗ്രഹമില്ലാതില്ല. നമുക്ക് പോകാം." അനുവാദം കിട്ടിയ സന്തോഷത്തിൽ ഗബ്രിയേൽ മറ്റ് ദൂതന്മാരുടെ അടുത്തേക്ക് ഓടിച്ചെന്നു. എന്നിട്ട് അവരെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു: "എന്നാൽ ഞാൻ ഭൂമിയൊക്കെ ഒന്ന് ചുറ്റിക്കണ്ട് വരാം മക്കളെ..."
അങ്ങനെ കർത്താവും ഗബ്രിയേലും യാത്ര തിരിച്ചു. ഭൂമിയിൽ കാലുകുത്തിയപ്പോൾ ചുറ്റുമുള്ള ബഹളങ്ങൾ കണ്ട് ഗബ്രിയേൽ ചോദിച്ചു: "കർത്താവേ, ഇതിപ്പോൾ നോഹയുടെയോ നിമ്രോദിന്റെയോ കാലഘട്ടമാണോ എന്ന് എനിക്കൊരു സംശയം." കർത്താവ് പറഞ്ഞു: "വാ ഗബ്രിയേലേ, എന്നെ ആരാധിക്കുന്ന ഒരു വലിയ കൂട്ടം ജനമുണ്ട്, നമുക്ക് അവരെ പോയി കാണാം."
അവർ വലിയൊരു പള്ളിയുടെ മുന്നിലെത്തി. ജനസഞ്ചയം കണ്ട് ഗബ്രിയേൽ അത്ഭുതപ്പെട്ടു. "കർത്താവേ, ഇത്രയധികം ജനങ്ങൾ അങ്ങയെ ആരാധിക്കാൻ വന്നിരിക്കുകയാണോ? ഭയങ്കരം തന്നെ!" കർത്താവ് ഒന്നും മിണ്ടാതെ ഒന്നു ചിരിച്ചു. ഗബ്രിയേൽ ആവേശത്തോടെ പറഞ്ഞു: "ഞാനൊന്ന് അകത്തുപോയി അങ്ങയെ ആരാധിക്കുന്ന ജനത്തെ കണ്ടിട്ട് വേഗം വരാം." ഗബ്രിയേൽ അകത്തേക്ക് പോയി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ജീവനും കൊണ്ട് തിരികെ ഓടിവന്നു. കർത്താവ് ചോദിച്ചു: "എന്താ ഗബ്രിയേലേ, എന്തുപറ്റി?" കിതച്ചുകൊണ്ട് ഗബ്രിയേൽ പറഞ്ഞു: "കർത്താവേ, നിമ്രോദിന്റെ മകൾ മരിച്ചിട്ടില്ല എന്ന് തോന്നുന്നു! അവിടെ എന്തൊക്കെയോ ഡാൻസ് പരിപാടികൾ നടക്കുകയാണ്. മാത്രമല്ല, ഇടയ്ക്കിടെ അങ്ങയുടെ പേരും പറഞ്ഞ് ഒരു വെളിവും ഇല്ലാതെ തുള്ളിച്ചാടുകയാണ് ജനങ്ങൾ." കർത്താവ് ഒരു നിഗൂഢമായ ചിരിയോടെ യെശയ്യാവ് 6:10 ഓർമ്മിപ്പിച്ചു: "ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സുതിരിഞ്ഞു സൗഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടച്ചുകളകയും ചെയ്ക." ഗബ്രിയേൽ ചോദിച്ചു: "അപ്പോൾ അങ്ങയെ യഥാർത്ഥത്തിൽ ആരാധിക്കുന്നവർ എവിടെയാണ്?" "നമുക്ക് നോക്കാം, ഇനിയും കാണാൻ ബാക്കിയുണ്ടല്ലോ," എന്ന് പറഞ്ഞ് കർത്താവ് മുന്നോട്ട് നടന്നു.
അവർ അടുത്തൊരു പള്ളിയുടെ മുന്നിലെത്തി. ഗബ്രിയേൽ പ്രതീക്ഷയോടെ പറഞ്ഞു: "ഇതായിരിക്കും ദൈവമക്കളുടെ സ്ഥലം. ഞാനൊന്ന് പോയി നോക്കട്ടെ." ഗബ്രിയേൽ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ വലിയ അമ്പരപ്പോടെ തിരിച്ചുവന്നു. "കർത്താവേ, നമുക്ക് പോകാം. ഇതെന്തോ 'മാജിക് ഷോ' നടക്കുന്ന സ്ഥലമാണ്." "നീ അവിടെ എന്താ കണ്ടത്?" കർത്താവ് ചോദിച്ചു. ഗബ്രിയേൽ വിവരിച്ചു: "ഞാൻ പള്ളിയുടെ അകത്തു കയറിയതും ഒരു അപ്പച്ചൻ വായുവിലൂടെ പറന്ന് പോയി വീഴുന്നു! ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ എല്ലാവരും അങ്ങനെ പറന്നു വീഴുകയാണ്. ഇതിനിടയിൽ എന്റെ പുറകിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു, 'മാറി നിൽക്ക് സഹോദരാ, പാസ്റ്റർ അടുത്ത കൈ വീശുമ്പോൾ എനിക്കും വീഴാനുള്ളതാ, സ്ഥലമൊഴിക്ക്' എന്ന്! കർത്താവേ, അവിടെയും അങ്ങയുടെ പേര് ഞാൻ കേട്ടു." ഗബ്രിയേലിന്റെ മുഖത്തെ നിരാശ കണ്ടപ്പോൾ കർത്താവ് 2 പത്രോസ് 2:1-2 ഉദ്ധരിച്ചു: "എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും." ഗബ്രിയേൽ മൗനമായി നിന്നുപോയി. കർത്താവ് പറഞ്ഞു: "വാ, നമുക്ക് അടുത്ത സ്ഥലത്തേക്ക് പോകാം."
അവർ മറ്റൊരു പള്ളിയുടെ വാതിൽക്കൽ എത്തി. "ഇതായിരിക്കും യഥാർത്ഥ ദൈവമക്കൾ, ഞാൻ പോയി നോക്കട്ടെ" എന്ന് പറഞ്ഞ് ഗബ്രിയേൽ അകത്തേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞ് ഗബ്രിയേൽ വളരെ ശാന്തനായി, എന്നാൽ അതിലേറെ നിരാശയോടെ തിരിച്ചുവന്നു. "എന്താ ഗബ്രിയേലേ, അവിടെ എന്തു കണ്ടു?" കർത്താവ് തിരക്കി. "കർത്താവേ, അത് ഏതോ മരണം നടന്ന വീട് പോലെയുണ്ട്," ഗബ്രിയേൽ പറഞ്ഞു തുടങ്ങി. "അവിടത്തെ പാസ്റ്റർ അടക്കമുള്ളവർ എന്തൊക്കെയോ സ്വപ്നം കണ്ടിരിക്കുകയാണ്. ദൈവമക്കൾ എന്ന് പറയുന്നവർ വികാരമില്ലാതെ പാറ പോലെ ഇരിക്കുന്നു. ബാക്കിയുള്ളവർ മൊബൈലിൽ കളിക്കുന്നു. ആർക്കും അങ്ങയോട് ഒരു ഭയവുമില്ല കർത്താവേ." കർത്താവ് പുഞ്ചിരിച്ചുകൊണ്ട് റോമർ 3:18 ഓർമ്മിപ്പിച്ചു: "'അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല' എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ." ഇനിയെന്ത് എന്ന ഭാവത്തിൽ നിൽക്കുന്ന ഗബ്രിയേലിനോട് കർത്താവ് പറഞ്ഞു: "വാ ഗബ്രിയേലേ, എന്റെ ജനത്തെ ഞാൻ നിനക്ക് കാണിച്ചു തരാം." അവർ തീരെ ചെറിയ, ആർഭാടങ്ങളില്ലാത്ത ഒരു പള്ളിയുടെ മുന്നിലെത്തി. ഗബ്രിയേൽ പതിവുപോലെ "ഞാൻ പോയി നോക്കിയിട്ട് വരാം" എന്ന് പറയാൻ തുടങ്ങി. പക്ഷേ പെട്ടെന്ന് കർത്താവ് പറഞ്ഞു: "നിൽക്കൂ, ഞാനും വരുന്നു. ഇതാണ് എന്റെ ജനം!" അവർ ആ ചെറിയ പള്ളിക്കകത്തേക്ക് കയറി. അവിടെ കൂടിയിരുന്ന ദൈവമക്കളുടെ ആരാധന കണ്ട് ഗബ്രിയേൽ അത്ഭുതപ്പെട്ടു. "കർത്താവേ, ഇവിടെ കാണാൻ വലിയ സൗന്ദര്യമില്ല, വമ്പൻ അലങ്കാരങ്ങളില്ല, ധനവുമില്ല, മാനവുമില്ല, മതത്തിന്റെ പാരമ്പര്യവുമില്ല. പക്ഷേ, എന്ത് വിശ്വാസത്തോടെയാണ് അവർ അങ്ങയെ ആരാധിക്കുന്നത്! അവരുടെ ഹൃദയം അങ്ങയിലുള്ള സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു." കർത്താവ് റോമർ 8:35 ചൊല്ലിക്കൊടുത്തു: "ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?" തുടർന്ന് കർത്താവ് പറഞ്ഞു: "ഇവരാണ് ഗബ്രിയേലേ എന്റെ ജനം. ജീവിതത്തിൽ എത്ര കഷ്ടപ്പാടുകൾ വന്നിട്ടും അവർ എന്നെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, തള്ളിപ്പറയുന്നില്ല. ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ഞാൻ വീണ്ടും വരും. എന്റെ കൂടെ ഇവർ സ്വർഗ്ഗത്തിലെ പന്തിയിൽ ഇരിക്കും." എന്നിട്ട് കർത്താവ് ഗബ്രിയേലിനെ നോക്കി ചോദിച്ചു: "എങ്ങനെയുണ്ട് ഗബ്രിയേലേ? എന്റെ ജനത്തെ കണ്ടപ്പോൾ സന്തോഷമായില്ലേ? വാ, ഇനി നമുക്ക് പോകാം."