സോളമന്റെ യാത്ര

സോളമന്റെ യാത്ര

ഭൂമിയുടെ ഏതോ ഒരു കോണിൽ, ബാഹ്യലോകവുമായി അധികം ബന്ധമില്ലാത്ത ഒരു കൊച്ചു ദ്വീപ്. അവിടെയുള്ള ചെറിയൊരു ശതമാനം ജനങ്ങൾക്കൊന്നും കർത്താവിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. ആ ദ്വീപിലേക്ക് കടന്നുവന്ന ഒരു മിഷനറി കൊല്ലപ്പെടുന്നതിന്റെ അടുത്ത ദിവസം ആണ് സോളമന്റെ ഭവനത്തിൽ ഈ സംഭവങ്ങൾ നടക്കുന്നത്.

പ്രഭാതം. പക്ഷികളുടെ കളകൂജനങ്ങളോടെയാണ് സോളമൻ ഉറക്കമുണർന്നത്. അയാൾ വീടിന്റെ ഉമ്മറത്തേക്ക് ഇറങ്ങിവന്നു. ആ കൊച്ചുഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യരിൽ ഒരാളായിരുന്നു സോളമൻ. വിശന്നുവരുന്ന പലർക്കും അയാൾ അന്നം നൽകി; അങ്ങനെ സൽസ്വഭാവിയായ ഒരു മനുഷ്യൻ. എന്നാൽ അയാളുടെ ജീവിതത്തിൽ ഒരു കുറവ് ദൈവം കണ്ടിരുന്നു. അന്ന് രാവിലെ ഏകദേശം പത്തുമണിയോടെ സോളമന്റെ വീടിന്റെ വേലിക്കരികിൽ ഒരു അപരിചിതൻ വന്നുനിന്നു. കണ്ടാൽ ഒരു അമ്പത് വയസ്സ് തോന്നും. അത് കണ്ട് സോളമൻ പതുക്കെ അങ്ങോട്ട് ചെന്നു ചോദിച്ചു: "ആരാണ്? ഇതിനുമുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?" അപരിചിതൻ മറുപടി നൽകി: "ഞാൻ ദൂരെയുള്ള ഒരു ഗ്രാമത്തിൽ നിന്നും വരികയാണ്. ഇവിടെ വന്നാൽ വിശപ്പടക്കാൻ ഭക്ഷണം കിട്ടുമെന്ന് അറിഞ്ഞു വന്നതാണ്. അടിയൻ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി. യജമാനൻ കഴിക്കാൻ എന്തെങ്കിലും തരണം. അത് കഴിഞ്ഞാൽ ഞാൻ പൊയ്ക്കൊള്ളാം."

സോളമൻ അദ്ദേഹത്തെ സ്നേഹത്തോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം നൽകി. "അല്പനേരം വിശ്രമിച്ചിട്ട് പോയാൽ മതി," സോളമൻ പറഞ്ഞു. ഇതുകേട്ട് അല്പനേരം മൗനമായിരുന്ന ശേഷം അപരിചിതൻ പറഞ്ഞു: "എനിക്കൊരു കാര്യം പറയാനുണ്ട്. എന്റെ ഗ്രാമത്തിൽ ഒരു നിധിയുണ്ട്. അത് എവിടെയാണുള്ളതെന്ന് എനിക്ക് മാത്രമേ അറിയൂ. എന്റെ വിശപ്പകറ്റുകയും എന്നെ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തതുകൊണ്ട്, ആ നിധി യജമാനനെ കാണിച്ചുതരാൻ ഞാൻ ആഗ്രഹിക്കുന്നു." ഇതുകേട്ട സോളമൻ പറഞ്ഞു: "എനിക്കിപ്പോൾ ഒരു നിധിയുടെയും ആവശ്യമില്ല. എനിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്." അപരിചിതൻ തുടർന്നു: "അതൊരു സാധാരണ നിധിയല്ല. അത് സ്വന്തമാക്കിയാൽ ജീവിതത്തിൽ ലഭിക്കുന്ന മറ്റേത് സുഖങ്ങളെക്കാളും ഉപരിയായി, ഹൃദയത്തിൽ വലിയൊരു സമാധാനം ലഭിക്കും. ആ സമാധാനം മരണം വരെയും, മരിച്ചതിനു ശേഷവും കൂടെയുണ്ടാകും." ഇതു കേട്ടപ്പോൾ സോളമനിൽ കൗതുകമുണർന്നു. "അങ്ങനെയെങ്കിൽ എനിക്കതൊന്ന് കാണണമല്ലോ," അയാൾ പറഞ്ഞു.

അങ്ങനെ അവർ യാത്ര തിരിച്ചു. പച്ചപ്പുൽമേടുകളിലൂടെയും അരുവികൾ താണ്ടിയും അവർ നടന്നു. ഗ്രാമത്തിലെ കൊച്ചുപട്ടണവും പിന്നിട്ട് അവർ ഒരു വനത്തിന് മുന്നിലെത്തി. പച്ചപ്പുല്ലുകൾ നിറഞ്ഞ മനോഹരമായ ഒരു കാട്. അപരിചിതൻ സോളമന് മുന്നറിയിപ്പ് നൽകി: "ഈ വനത്തിന് ഒരു പ്രത്യേകതയുണ്ട്. മനുഷ്യരെ ആകർഷിച്ച് കൊന്നുകളയാൻ ഇതിന് കഴിയും. പലരും ഇതിലൂടെ കടന്നുപോയിട്ടില്ല. യജമാനൻ ഇതൊന്ന് ഓർക്കണം: കണ്ണിന് കുളിർമ നൽകുന്ന ഒന്നിലും തൊടരുത്, ആ വഴിയേ പോകരുത്. എന്റെ കാൽപ്പാടുകൾ മാത്രം നോക്കി നടക്കുക." സോളമൻ പുറകോട്ടു തിരിഞ്ഞുനോക്കി. സുന്ദരമായ ആ പ്രദേശം വിട്ട് അവർ വനത്തിനുള്ളിലേക്ക് നടന്നു. കുറച്ചുദൂരം പിന്നിട്ടപ്പോൾ സോളമൻ ഒരു കാഴ്ച കണ്ടു. ഒരു വലിയ മാൻ! അതിന്റെ തലയിൽ രണ്ട് കൊമ്പുകളുണ്ട്, ഓരോ കൊമ്പിൽ നിന്നും മൂന്ന് ചെറിയ കൊമ്പുകൾ വീതം മുളച്ചുനിൽക്കുന്നു. ആ മൂന്നും രണ്ടും കൊമ്പുകളേ പരസ്പരം കൂട്ടിച്ചേർക്കുന്നു. സോളമൻ അതിന്റെ കണ്ണുകളിലേക്ക് നോക്കി. ആ മിഴികളിൽ സൂര്യനെയും ചന്ദ്രനെയും അവൻ കണ്ടു. ആ കണ്ണുകളുടെ വശ്യതയിൽ മയങ്ങി സോളമൻ പതുക്കെ അതിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. ഇതുകണ്ട അപരിചിതൻ ഓടിവന്നു പറഞ്ഞു: "പോകരുത്! അങ്ങ് അവിടെച്ചെന്നാൽ കാണാൻ കഴിയാത്ത ഒരു അഗാധഗർത്തമുണ്ട്. അതിൽ വീണാൽ പിന്നെ ഒരിക്കലും തിരിച്ചുകയറാൻ കഴിയില്ല."

അവർ വീണ്ടും യാത്ര തുടർന്നു. ഫലഭൂയിഷ്ഠമായ മരങ്ങൾ നിറഞ്ഞ ഒരു സ്ഥലത്താണ് അവർ എത്തിയത്. എല്ലാത്തരം ഫലവൃക്ഷങ്ങളും അവിടെയുണ്ടായിരുന്നു. സോളമൻ ഇത്തവണ അങ്ങോട്ട് പോയില്ല, പകരം കൂടെയുള്ള അപരിചിതനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: "അത് കാണാൻ അതിമനോഹരമാണ്. എന്നാൽ അതിന്റെ ഫലം കഴിച്ചാൽ അത് കടുത്ത വിഷമാണ്. ജീവിതകാലം മുഴുവൻ മാറാരോഗങ്ങൾ അങ്ങയെ വേട്ടയാടിക്കൊണ്ടിരിക്കും." കാഴ്ചയിൽ സുന്ദരമായിരുന്നെങ്കിലും സോളമൻ അങ്ങോട്ട് നോക്കാതെ നടന്നു. കുറച്ചുദൂരം എത്തിയപ്പോൾ അന്തരീക്ഷമാകെ പുകമറയാൽ മൂടപ്പെട്ടിരിക്കുന്നത് അവർ കണ്ടു. കണ്ണ് കാണാൻ കഴിയാത്ത അവസ്ഥ. അപ്പോൾ അപരിചിതൻ പറഞ്ഞു: "എന്നെ മാത്രം നോക്കിക്കൊള്ളുക. ഇത് വഴിതെറ്റിക്കുന്നതും, കണ്ണുകളെ അന്ധമാക്കി മനുഷ്യനെ വ്യാമോഹങ്ങളുടെ സ്വപ്നലോകത്ത് തളച്ചിടുന്നതുമായ സ്ഥലമാണ്." സോളമൻ അപരിചിതൻ പറയുന്നത് മാത്രം കേട്ട്, അദ്ദേഹത്തെ മാത്രം നോക്കി നടന്നു.

യാതനകളുടെയും വ്യാമോഹങ്ങളുടെയും പാതകൾ പിന്നിട്ട് അവർ തെളിനീരൊഴുകുന്ന ഒരു നദീതീരത്തെത്തി. ആ സ്ഫടികനദി കടന്ന് അവർ കാൽകുത്തിയത് വർണ്ണനാതീതമായ മറ്റൊരു ലോകത്തായിരുന്നു; സോളമൻ അപരിചിതനെ മറികടന്ന് ആകാംക്ഷയോടെ മുന്നോട്ട് നടന്നു. അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല, മനുഷ്യന്റെ ഭാവനകൾക്കും അപ്പുറമുള്ള ദൈവീകമായ സൗന്ദര്യം! അവിടെ ശത്രുതയുടെ ലാഞ്ചനപോലുമില്ലായിരുന്നു. വന്യത മറന്ന സിംഹം പുള്ളിമാനിനോടൊപ്പം തുള്ളിച്ചാടി കളിക്കുന്നു; ഭയമേതുമില്ലാതെ ആട്ടിൻകുട്ടി കരടിയുടെ മാറിലേക്ക് ചാരിയിരിക്കുന്നു. മാംസഭുക്കുകളായ കാട്ടുമൃഗങ്ങളെല്ലാം ശാന്തരായി പച്ചപ്പുല്ല് മേയുന്ന മാന്ത്രിക കാഴ്ച!

ആ സ്വർഗ്ഗീയ ഉദ്യാനത്തിലൂടെ സോളമൻ വീണ്ടും മുന്നോട്ട് നടന്നപ്പോൾ, ആകാശത്തോളം പടർന്നുപന്തലിച്ചു നിൽക്കുന്ന രണ്ട് മഹാവൃക്ഷങ്ങൾ അവൻ കണ്ടു. അമൃതിനേക്കാൾ മധുരിക്കുന്ന ഫലങ്ങൾ നിറഞ്ഞ ആ ദിവ്യമരങ്ങളിൽ വർണ്ണപ്പക്ഷികൾ കൂടുക്കൂട്ടിയിരുന്നു. സകല ജീവജാലങ്ങളും സ്വർഗ്ഗീയമായ ആനന്ദത്തിൽ ലയിച്ചുനിൽക്കുമ്പോഴാണ് സോളമന്റെ കണ്ണുകൾ ആ കാഴ്ചയിലുടക്കിയത്. ജീവന്റെ ആ മഹാസന്തോഷങ്ങൾക്കിടയിലും, യാതൊരു കളങ്കവുമില്ലാത്ത ഒരു വെളുത്ത കുഞ്ഞാട് മാത്രം ഒരിടത്ത് മാറി തനിയെ നിൽക്കുന്നു! ഇതുകണ്ട് അത്ഭുതത്തോടെ സോളമൻ പുറകിൽ നിൽക്കുന്ന അപരിചിതനോട് ചോദിച്ചു: "അവിടെയെന്താണ് ആ കുഞ്ഞാട് മാത്രം അങ്ങനെ തനിയെ നിൽക്കുന്നത്?" മറുപടിയൊന്നും കേൾക്കാത്തതിനാൽ സോളമൻ പെട്ടെന്ന് തിരിഞ്ഞുനോക്കി. എന്നാൽ അവനെ അവിടെവരെ നയിച്ച ആ അപരിചിതൻ അവിടെ ഉണ്ടായിരുന്നില്ല. ആ തോട്ടത്തിൽ എങ്ങും തിരഞ്ഞെങ്കിലും ഒരു മനുഷ്യന്റെ കാൽപ്പാടുപോലും അവന് കണ്ടെത്താനായില്ല.

സോളമൻ ആ തോട്ടത്തിലെല്ലാം അത്ഭുതത്തോടെ ചുറ്റിനടന്നു. പെട്ടെന്ന് ഒരു അശരീരി മുഴങ്ങി: "സോളമൻ, നീ നിൽക്കുന്ന ഈ സ്ഥലം ഞാൻ മനുഷ്യർക്ക് കൊടുത്തതായിരുന്നു. എന്നാൽ അവർ പാപം ചെയ്തു; എന്നോട് അനുസരണക്കേട് കാണിച്ചതിനാൽ ഞാൻ അവരെ ഇവിടെനിന്നും പുറത്താക്കി. മനുഷ്യന്റെ കണ്ണുകൾക്ക് ഞാൻ ഈ ഇടം മറച്ചുവെച്ചു." ഇതുകേട്ട സോളമൻ ഭയന്നുവിറച്ചു. വെപ്രാളത്തോടെ അയാൾ ചുറ്റും നോക്കി. വീണ്ടും ആ ശബ്ദം മുഴങ്ങി: "നീ ഭയപ്പെടേണ്ട; നിന്നെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. നീ ആ കാണുന്ന കുഞ്ഞാടാണ് മനുഷ്യന്റെ പാപങ്ങൾക്കുവേണ്ടിയുള്ള ബലിയാഗം. ഈ ദ്വീപിൽ എനിക്ക് ചിലരെ ആവശ്യമുണ്ട്. ഇവിടെനിന്നും ഞാൻ ഒരു സമൂഹത്തെ എഴുന്നേൽപ്പിക്കും, അവരെ ഭൂമിയുടെ സകല കോണുകളിലേക്കും ഞാൻ അയക്കും." സോളമൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു: "അവിടുന്ന് പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല." വീണ്ടും അശരീരി കേട്ടു: "നീ പോകുക. നിന്റെ അടുത്ത ഗ്രാമത്തിൽ ആ മിഷനറി കൊല്ലപ്പെട്ട സ്ഥലത്തു പോയി, അവൻ താമസിച്ച ഭവനത്തിലെ മേശയ്ക്കുള്ളിൽ നോക്കുക. ഇതിനെല്ലാമുള്ള മറുപടി അതിലുണ്ട്. അത് കണ്ടുകഴിയുമ്പോൾ നിനക്കെല്ലാം മനസ്സിലാകും." സോളമൻ ഉടനെ അപേക്ഷിച്ചു: "അങ്ങ് എന്നെ തിരികെ അയക്കരുത്. ഈ സ്ഥലം സമാധാനത്തിന്റെ സ്വർഗ്ഗമാണ്. ഞാൻ ഇവിടെ നിന്നുകൊള്ളാം." വീണ്ടും ശബ്ദം മുഴങ്ങി: "മകനേ സോളമൻ, സമയമാകുമ്പോൾ ഞാൻ നിന്നെ ഇവിടേക്ക് കൊണ്ടുവരും. ഇപ്പോൾ നീ പോകുക." അപ്പോൾ ചെറിയൊരു ഇളംകാറ്റ് വീശി, അത് സോളമനെ വഹിച്ച് തന്റെ വീടിന്റെ മുറ്റത്ത് കൊണ്ടെത്തിച്ചു.

യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്ന സോളമൻ വേഗത്തിൽ എഴുന്നേറ്റ് അടുത്ത ഗ്രാമത്തിലേക്ക് ഓടി. മിഷനറി മരിച്ചുകിടന്ന ആ വീടിനുള്ളിൽ കയറി അവിടെയുണ്ടായിരുന്ന മേശ തുറന്നു നോക്കി. അതിൽ ഒരേയൊരു പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പുറംചട്ടയിൽ എഴുതിയിരുന്ന പേര് സോളമൻ ഉറക്കെ വായിച്ചു: "The Bible"

— Br Jineesh Punalur